കലയിലെ "ക" എന്നത് ഒരു ചോദ്യവും "ല" എന്നത് ഒരുത്തരവുമാണ്. എന്ത് എന്തിന്, ആര്‍ ആര്‍ക്ക് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ലയം, പരമാനന്ദം, സായൂജ്യം ഇഴുകിച്ചേരല്‍ എന്നെല്ലാം അര്‍ത്ഥം. കലാലോകത്തെയാകെ വലിയൊരാഘാതമേല്പിച്ചു കൊണ്ടാണ് കലാമണ്ഡലം ഗീതാനന്ദന്‍ (കീരിടത്തോടുകൂടി) പിറന്നു വീണ മണ്ണിനെ നമിച്ചു കൊണ്ട് കലാകേരളത്തോടു വിടപറഞ്ഞത്. ഗീതാനന്ദനു തുല്യന്‍ ഗീതാനന്ദനേ ഉണ്ടായിരുന്നുള്ളൂ. ഇനിയൊരു ഗീതാനന്ദനു വേണ്ടി കാത്തിരിക്കാം എന്നേ ഇപ്പോള്‍ പറയാനാവൂ. രംഗബോധമില്ലാത്ത കോമാളിയല്ല മരണം എന്ന് നാമറിയുന്നത് ഇത്തരം മരണങ്ങളിലൂടെയാണ്. കളിയരങ്ങത്തു തിമിര്‍ത്തു കളിച്ചുകൊണ്ട് മരിക്കണം എന്ന് ഗീതാനന്ദന്‍ പല ആത്മസുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.ഗീതത്തിലും തുള്ളലിലും ആനന്ദിച്ചാനന്ദിച്ച് തന്‍റെ അഭിലാഷം പൂര്‍ണ്ണമായും നിറവേറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മടവൂരാശാനും ഈ അപൂര്‍വ്വതയ്ക്കുടമായത് നാം കണ്ടു. മണ്മറഞ്ഞുപോയ മഹാനടന്മാര്‍ക്ക് മഹാസായൂജ്യം. കലകളെ നെഞ്ചേറ്റുന്നവര്‍ക്ക് അശാമ്യദു:ഖം. എല്ലാം നിയതികൃതനിയമം.
ജീവിതമാര്‍ഗ്ഗമായി ഓട്ടന്‍ തുള്ളല്‍ കൊണ്ടുനടന്ന് രണ്ടറ്റവും മുട്ടിക്കാന്‍ താനുഭവിച്ച കഷ്ടപ്പാടുകള്‍ മകന് ഉണ്ടാവരുത് എന്ന ചിന്തയിലാണ് അച്ഛന്‍ കേശവന്‍ നമ്പീശന്‍ മകന്‍റെ കലാവാസനയെ പ്രോത്സാഹിപ്പിക്കാതിരുന്നത്.തുള്ളല്‍ക്കല ഉപേക്ഷിച്ച് മറ്റു ജോലികളില്‍ വ്യാപരിച്ച് ഒരിക്കല്‍ വീട്ടിലെത്തിയ അച്ഛന്‍ കണ്ട കാഴ്ച മകന്‍റെ തുള്ളല്‍ അവതരണമായിരുന്നു. ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന്ദിവാകരന്‍ നായരുടെ ശിക്ഷണത്തില്‍ തുള്ളല്‍ അഭ്യസിച്ചു. സംഗീതം, നൃത്തം,അഭിനയം എന്നിവകളിലും വാസനാസമ്പന്നനായിരുന്ന ഗീതാനന്ദന്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സാംസ്കാരിക സകോളര്‍ഷിപ്പു നേടി പഠനം തുടര്‍ന്നു. കലാമണ്ഡലത്തില്‍തന്നെ തുള്ളല്‍ ആശാനായി ജീവിത മാരംഭിച്ച കഥകളിയുടെ വിശാലമായ ക്യാന്‍വാസില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആംഗിക-വാചിക-ആഹാര്യ-സാത്വികാഭിനയങ്ങളിലൂടെ തുള്ളല്‍ക്കലയ്ക്ക് പൂര്‍ണ്ണതയേകി മുന്നേറിയപ്പോള്‍ യാഥാസ്ഥിതികപക്ഷക്കാര്‍ പോലും ആ കലാപ്രതിഭയെ നെഞ്ചകങ്ങളോട്അടുപ്പിക്കുകയുണ്ടായി.
നല്ലൊരു നര്‍ത്തകന്‍ കൂടിയായിരുന്നു ഗീതാനന്ദന്‍.തിസ്ര-മിശ്ര-ഖണ്ഡ നടനങ്ങള്‍ എപ്രകാരമാണ് തുള്ളലവതരണത്തെ അത്യാകര്‍ഷകമാക്കുകയെന്ന് ഈ കലാകാരന്‍പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കി. കുഞ്ചന്‍ നമ്പിയാരുടെതുള്ളല്‍ക്കവിതകളിലെ പദ-പദാര്‍ത്ഥ- ഭാവാദ്യാവിഷ്ക്കരണങ്ങള്‍ പ്രേക്ഷകരിലുണ്ടാക്കുന്ന പുത്തനുണര്‍വ്വ് ഈ കലാകാരന്‍ കണ്ടെത്തി. മലബാര്‍ രാമന്‍നായര്‍ക്കു ശേഷം തുള്ളലിന്ഇത്രേയറെ പുതുമ പകര്‍ന്ന മറ്റൊരു കലാകാരന്‍ ഇല്ലെന്നുതന്നെ പറയാം. ഗീതാനന്ദന്‍റെ ലോകധര്‍മ്മിയോടും നാടകീയതയോടുമുള്ള ചായ്വുകള്‍ ആദ്യകാലത്ത് ചില കോണുകളില്‍നിന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു എങ്കിലും അതൊന്നും കാര്യമായെടുക്കാതെ ഈ നിസ്തൂല കലാകാരന്‍ അചുംബിതങ്ങളായ കല്പനകളിലൂടെ തുള്ളല്‍ക്കലയെ പ്രതിക്ഷണഭിന്നരാമണീയകത്വത്തോടുകൂടിയതാക്കി ജനഗണത്തെ ഹഠാദാഹ്ലാദിപ്പിച്ചു കൊണ്ടിരുന്നു. കാല്‍നൂറ്റാണ്ടു മുമ്പ് ഫ്രാന്‍സില്‍ പോയ തുള്ളല്‍ക്കലാകാരന്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റിയത് ഗീതാനന്ദനായിരുന്നു.ഗള്‍ഫ് രാജ്യങ്ങളിലും തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇദ്ദേഹത്തിനവസരം ലഭിച്ചുകൊണ്ടിരുന്നു.
കേരള സംഗീതനാടക അക്കാദമി, കുഞ്ചന്‍ നമ്പ്യാര്‍ പുര്സകാരസമിതി, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങള്‍ അവാര്‍ഡു നല്‍കി ആദരിച്ച ഗീതാനന്ദന് കേരളസര്‍ക്കാരിന്‍റെ കുഞ്ചന്‍ പുരസ്കാരവും ലഭിച്ചിരുന്നു.
കഥകളിപ്പദക്കച്ചേരിക്ക് സമശീര്‍ഷമായി തുള്ളല്‍പ്പദക്കച്ചേരിക്ക് രൂപ കല്പന നന്‍കിയ സംഗീത പ്രേമികൂടിയായ ഗീതാനന്ദന്‍ ആസ്വാദകരുടെ മുക്ത കണ്ഠമായ അഭിന്ദനങ്ങള്‍ക്ക് പാത്രീഭൂതനായിരുന്നു. ഏതാനും സിനിമകളില്‍ ഈ കലാകാരന് തന്‍റെ നടനചാരുതപ്രദര്‍ശിപ്പിക്കാനും അവസരം ലഭിക്കുകയുണ്ടായി.
ഗീതത്തിലും നടനത്തിലും സ്വയം ആനന്ദിച്ചുകൊണ്ട് സമാനഹൃദയരെ ആനന്ദതുന്ദിലരാക്കാന്‍ സാധിച്ച ഈ അതുല്യ പ്രതിഭ മൂന്നു പതിറ്റാണ്ടിലേറെക്കാലം തുള്ളല്‍ക്കലയുടെ കുലപതിയായി അരങ്ങു വാണു. എല്ലാവരോടും സ്നേഹവും സമത്വബുദ്ധിയും,വിനയവും കാണിച്ച് കൂട്ടത്തിലൊരാളായി നടന്നു പോയ ഗീതാനന്ദന്‍റെ സവിശേഷ വ്യക്തിത്വം കലാകേരളത്തിന് ഓര്‍മ്മയായിമാറി. ഗീതാനന്ദന്‍ ഇരുന്ന സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു.ഇദ്ദേഹത്തെപ്പോലെ എല്ലാ ശ്രീകളും ഒത്തു ചേര്‍ന്ന ഒരു കലാകാരനെയാണ് കുറെക്കാലമെങ്കിലും അതൊഴിഞ്ഞേ കിടക്കും.