അരങ്ങ് വാണ മഹാനടന്‍

By ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍ | Posted on 2019-06-07



കഥകളിയുടെ കുലപതി കളിയാട്ടത്തിനിടയില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. രാഷ്ട്രം പദ്മഭൂഷണ്‍ ബഹുമതിനല്‍കി ആദരിച്ച, സംസ്ഥാനസര്‍ക്കാറിന്‍റെ കഥകളി പുരസ്കാരമുള്‍പ്പെടെ നിരവധി ആദരവുകള്‍ തേടിയെത്തിയ സമാനതകളില്ലാത്ത ആ മഹാനടന്‍ അരങ്ങൊഴിയുമ്പോള്‍ അനാഥമായത് കഥകളിയെന്ന കലയാണ്, കലാകേരളമാണ്. രാവണവേഷം ആടിയാടിക്കൊണ്ടിരിക്കേ ആ വേഷത്തില്‍ത്തന്നെ അരങ്ങിലണഞ്ഞത് കഥകളിയുടെ തെക്കന്‍ ചിട്ടയുടെ വലിയ വിളക്കായിരുന്നു. എണ്‍പത്തൊമ്പതാം വയസ്സിലാണ് മരണം എങ്കിലും ആട്ടവിളക്കുകള്‍ക്കു മുന്നില്‍ ഇനിയും ആടാനുള്ള കരുത്ത് ഈ മഹാനടനുണ്ടായിരുന്നു. പ്രതിനായകന്മാരുടെ വേഷമണിഞ്ഞ് കഥകളിപ്രേമികളെ പിടിച്ചിരുത്തിയ ഒരു മഹാനടനായിരുന്നു പദ്മഭൂഷണ്‍ മടവൂര് വാസുദേവന്‍ നായര്‍.


കപ്ലിങ്ങാടന്‍ ചിട്ടയുടെ ഭീഷ്മാചാര്യരായിരുന്ന ഗുരു ചെങ്ങന്നൂരിന്‍റെ കാല്‍നഖേന്ദു കിരണങ്ങളാണ് മടവൂരാശാന്‍ പിന്തുടര്‍ന്നത്. ചെങ്ങന്നൂര്‍ രാമന്‍പിള്ള, ഹരിപ്പാട് രാമകൃഷ്ണപ്പിള്ള, മാങ്കൊമ്പ് ശിവശങ്കരപ്പിള്ള എന്നിവര്‍ക്ക് ശേഷം കേരളത്തിനകത്തും പുറത്തും തന്‍റെ അസാമാന്യ ധിഷണാവൈഭവത്തോടെ കളിയരങ്ങിനെ നവമേഖലകളിലേക്ക് ഉയര്‍ത്താന്‍ മടവൂരാശാന് കഴിഞ്ഞു.


കത്തിവേഷങ്ങള്‍ ആരു ചെയ്യും എന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം കഥകളി ലോകത്തുയര്‍ന്നു കേട്ടിരുന്നത് മടവൂരിന്‍റേതായിരുന്നു. രാവണന്‍, ദുര്യോധനന്‍, കീചകന്‍, ജരാസന്ധന്‍, ശിശുപാലന്‍ തുടങ്ങിയ കഥാപാത്രങ്ങളെ മടവൂര്‍ രംഗത്തവതരിപ്പിക്കുമ്പോള്‍ കഥകളിപ്രേമികള്‍ക്ക് അതൊരപൂര്‍വ്വാനുഭവം തന്നെയായിരുന്നു. മടവൂരിന്‍റെ തിരനോട്ടം തന്നെ ഏറെ അപൂര്‍വ്വതകളുള്ളതായിരുന്നു. കല്യാണസൗഗന്ധികത്തിലെ ഹനുമാന്‍,സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍ തുടങ്ങിയ വേഷങ്ങളിലും മടവൂരിന്‍റെ നിസ്തൂലമായ അവതരണവൈഭവം ഏറെ പ്രശസ്തമാണ്.
പ്രേക്ഷകരുടെ താല്പര്യത്തിനനുസരിച്ച് കഥകളിയുടെ ഗുണപരമായ മേന്മയ്ക്ക് യാതൊരു ഊനവും തട്ടരുത്, കലയുടെ ശാസ്ത്രീയതയ്ക്ക് വിട്ടുവീഴ്ച അരുത് എന്ന ധീരമായ നിലപാടുതറയില്‍ നിന്നുകൊണ്ട് കാണികളെ പരമാവധി സംതൃപ്തരാക്കാനും കലാഭാവനയുടെ ഗൗരീശിഖരങ്ങള്‍ സ്വയം കണ്ടെത്താനും മടവൂരിന് സാധിച്ചിരുന്നു. ചെറിയ കുട്ടികളടക്കമുള്ള സദസ്സിനെ ഹൃദയസംവാദത്തിലൂടെ തന്മയീഭാവത്തിലേക്ക് സംക്രമിപ്പിക്കാനുള്ള സര്‍ഗ്ഗശേഷി ഈ കലാകാരന്‍റെ വലിയൊരു സിദ്ധി തന്നെയായിരുന്നുവെന്ന് കലാകേരളം മനസ്സിലാക്കിയിരുന്നു.
മരണം പ്രകൃതിയാണ്. അരങ്ങില്‍ ജീവിച്ച ഒരു മഹാനടന്‍ അരങ്ങിലെ വികൃതികളിലൂടെയാണ് സമരാദ്ധ്യനായിത്തീര്‍ന്നത്.ആ അരങ്ങില്‍ നടന്‍റെ വേഷത്തോടെ പ്രകൃതിയിലേക്ക് മടങ്ങാനായിരുന്നു മടവൂരാശാന് നിയോഗം.

അദ്ദേഹം ധന്യധന്യനായി. അധന്യരായിത്തീര്‍ന്നത് കലാകേരളവും കഥകളിലോകവും. അപരിഹാര്യമായ ഒരു മഹാനഷ്ടത്തിനു മുമ്പില്‍ നമുക്ക് നമിക്കാം.

 


View English