മാടായിക്കാവിലച്ചി കാലം പുരാവൃത്തം സമൂഹം

By ഡോ. വൈ. വി . കണ്ണന്‍ | Posted on 2019-06-07



വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് അമ്മയുടെ അമ്മയും അച്ഛന്‍റെ അമ്മയും അച്ചിയായിരുന്നു അടുത്തകാലം വരെ. മുത്തശ്ശിക്ക് അത്രയൊന്നും പ്രായമായിട്ടില്ല ഇവിടെ. നമ്മെശാസിക്കുന്ന സ്നേഹമയിയായ അമ്മയെപ്പോലും ശാസിക്കാന്‍ കഴിവും അധികാരവുമുള്ളവളാണ് അച്ചി. അച്ചി നമുക്ക് തണലായിരുന്നു. അഭയമായിരുന്നു. ആശ്വാസമായിരുന്നു. അമ്മയും അച്ചിയും മുത്തശ്ശിയുമെല്ലാം അമ്മതന്നെ. അമ്മയുടെ സ്ഥാനത്ത് "മമ്മി" കൂടി കടന്നുവന്നിട്ടുണ്ട് അടുത്തകാലത്ത്. കാലം കടന്നുപോകവെ സംബോധനാ രൂപങ്ങളില്‍ ഇനിയും മാറ്റങ്ങള്‍ വരും. കാലം അമ്മയുടെ ധര്‍മ്മത്തിലും വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഒരുകാലത്തെ വീട്ടമ്മയല്ല ഇന്ന് അമ്മ. മാറുന്ന വ്യവസ്ഥിതിക്കനുസരിച്ച് സംബോധനാരൂപങ്ങള്‍ക്ക് മാത്രമല്ല;ധര്‍മ്മങ്ങള്‍ക്കും മാറ്റം സംഭവിച്ചിട്ടുണ്ട്.
പ്രാചീനകാലത്ത് മാതാവിനെ അടിസ്ഥാനമാക്കിയാണ് ബന്ധങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടത്. കുടുബബന്ധങ്ങള്‍ രൂപപ്പെടാതിരുന്ന കാലത്ത് മനുഷ്യര്‍ 'ഗണ' മായിട്ടാണ് ജീവിച്ചത്. ഗണജീവിതത്തിന്‍റെ കേന്ദ്രം സ്ത്രീ ആയിരുന്നു. അക്കാലത്ത് അമ്മയെക്കൂടാതെ ഗണത്തിന് ഒരു മാഹാമാതവ് ഉണ്ടായിരുന്നു. നമ്മുടെ അച്ചി തന്നെ ഈ മഹാമാതാവ്. മനുഷ്യരുടെ ജീവിതരീതിയിലും ദര്‍ശനത്തിലും വരുന്ന മാറ്റത്തിനനുസരിച്ച് ഈ അമ്മദൈവസങ്കല്‍പ്പത്തിലും മാറ്റം വന്നുകൊണ്ടിരുന്നു. കൃഷിയുംനായാട്ടുമായി കഴിഞ്ഞുകൂടിയ കാലത്തും ഈ അച്ചി ഇവിടെത്തന്നെയുണ്ടായിരുന്നു.വിത്ത് മുളപ്പിക്കാനുള്ള ഭൂമിയുടെയും അമ്മയുടെ ശേഷി ഒന്നുതന്നെയാണെന്ന ചിന്തഅമ്മദൈവാനുഷ്ഠാനങ്ങള്‍ക്ക് പുതിയ മാനം പകര്‍ന്നു. ഭൂമിയില്‍ പുല്‍ച്ചെടിപോലുംകുരുക്കുന്നത് അമ്മയുടെ ശക്തികൊണ്ടാണ്.അമ്മയുടെ -ഭൂമിയുടെ - സവിശേഷ ശേഷിയാണ് ഊര്‍വ്വരത. കരിഞ്ഞുപോയിടത്ത് വീണ്ടും ജീവന്‍റെ നാമ്പുകള്‍ കുരുക്കുന്നത് അവളുടെ ശേഷികൊണ്ടാണ്. 'കാക്കക്കിരക്കാന്‍ പച്ചപ്പില്ലാത്തതായ എന്‍റെ മാടായി എരിഞ്ഞ പാറയില് ഞാന്‍ കുളുര്‍ത്തപടലുണ്ടാക്കി'.. എന്നിങ്ങനെയുള്ള അച്ചിയുടെവാചാലുകളില്‍ ഇന്നും "കുളുര്‍മ്മ"അനുഭവപ്പെടുന്നുണ്ട്. ജലത്തിന്‍റെയും അധിദേവത ഈ അച്ചിയത്രേ. കുരുക്കുന്നത് ആണ് കുരുപ്പ്.ആ യുക്തി വെച്ചായിരിക്കണം വസൂരി രോഗത്തിന്‍റ കുരുപ്പുകള്‍ക്കും ഉത്തരവാദിത്തം
അവളില്‍ ചാര്‍ത്തിയത്. രക്ഷിക്കുന്ന അമ്മ ചില അവസരങ്ങളില്‍ശിക്ഷിക്കുന്നവളുമാണ്.

ബുദ്ധ ജൈനമതങ്ങള്‍

കേരളത്തിലെ വനവാസികള്‍കൂടിയായിരുന്ന ആദിമനിവാസികളില്‍ നിന്നാണ് കാളി സങ്കല്‍പ്പം ഉയിര്‍ക്കൊണ്ടത് എന്ന് ചലപണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. കുന്നത്തൂര്‍പാടിയിലെ മൂലംപെറ്റമ്മ അത്തരത്തിലുള്ള പ്രാചീനമായ അമ്മയാണ്. സംഘകാലസാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കൊറ്റവെക്ക് യുദ്ധദേവതയായ കാളിയോടാണ് അടുപ്പം. കൊറ്റാളിക്കാവ് ഇന്നും വടക്കന്‍കേ
രളത്തിലുണ്ട്. കേരളത്തില്‍ ബുദ്ധ-ജൈന മതങ്ങള്‍ പ്രബലമായിരുന്ന കാലത്തും അമ്മദൈവാരാധനക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.മറ്റൊരു രീതിയില്‍പറഞ്ഞാല്‍ ബുദ്ധ-ജൈനമ തവിഭാഗങ്ങളുടെ അമ്മയായിരുന്നു ഒരുകാലത്ത് മാടായിക്കാവിലച്ഛി. കാളിയാരാധനയില്‍ കണ്ണകിയാരാധനകൂടി ഉള്‍ച്ചേര്‍ന്നുകിടപ്പുണ്ട്.മദ്ധ്യകേരളത്തില്‍ മണ്ണാന്മാര്‍ പാടുന്ന ചില ഭദ്രകാളിപ്പാട്ടില്‍ കണ്ണകിയെ കാളിതന്നെയായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. പാണ്ട്യരാജന്‍ വിചാരണകൂടാതെ വധിച്ച കോവലനെ മുള, വള്ള്, എന്നിവ കൊണ്ട് എലിമ്പും പഞ്ഞികൊണ്ട് മജ്ജയും നൂല്കൊണ്ട് നരമ്പുകളുംഉണ്ടാക്കി ചായക്കൂട്ടുകള്‍കൊണ്ട് നിറംവരുത്തി പുന:സൃഷ്ടിച്ചത് മണ്ണാനാണത്രേ. ആ മണ്ണാന്‍റെ മുറ്റത്തെ മുല്ലത്തറമ്മല്‍ ഭഗവതിപ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. വട
ക്കന്‍കേരളത്തില്‍ തായിപ്പരദേവതയുടെ വലിയകൈലാസം പൊലിച്ചുപാട്ടില്‍ "പാറിപ്പറന്ന് മുല്ലത്തറമ്മല്‍ ഒളിവളര്‍ന്നാരേ.".എന്നൊരു വരിയുണ്ടെന്നതും ശ്രദ്ധേയമാണ്.ചിലപ്പതികാരം രചിച്ച ഇളംകോവടികള്‍ ജൈനമത വിശ്വാസിയായിരുന്നു. ജൈനന്മാരുടെ ആരാധനാലയമായിരുന്നു 'കോട്ടം'.കുണവായില്‍ കോട്ടത്തില്‍വെച്ചായിരുന്നു ഇളകോവടികള്‍ചിലപ്പതികാരം രചിച്ചത്.
കയ്യത്ത്കോട്ടം മുയ്യത്ത്കോട്ടം , മുഴങ്ങത്ത് കോട്ടം, പട്ടാണിക്കോട്ടം, പറങ്കിക്കോട്ടം എന്നിങ്ങനെ അനേകം കോട്ടങ്ങളെക്കുറിച്ച് പൊട്ടന്‍തെയ്യത്തിന്‍റെ  തോറ്റത്തില്‍പരാമര്‍ശമുണ്ട്.മാടായിക്കാവിലെ'തെക്കിനാക്കി' എന്നസ്ഥലത്തിന് തെക്കിനാക്കികോട്ടം എന്ന് മുമ്പ്പറഞ്ഞുവന്നിരുന്നുവത്രേ.

നീലിയാര്‍കോട്ടത്തമ്മ

"കോലംതികഞ്ഞമാതാവ് കോലത്ത് നീലിയാര്‍കോട്ടത്തമ്മ" എന്ന വാചാല് സൂചിപ്പിക്കുന്നത് നീലിയാര്‍കോട്ടത്തമ്മ സാക്ഷാല്‍ തായിപ്പരദേവത തന്നെയെന്നാണ്."കാളകണ്ഠരുടെ പൊന്‍മകള്‍ നീലമഹാകേശിയെന്നല്ലോ നിങ്ങളെ തിരുനാമപ്പേര"എന്ന് തായിപ്പരദേവതയുടെ പൊലിച്ചുപാട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. നീലിയാര്‍കോട്ടത്തമ്മയുടെ ഒരു അഞ്ചടിത്തോറ്റം ഒരു പഴ
യ താളിയോലയില്‍നിന്ന് ഈ ലേഖകന്‍ കണ്ടെടുത്തിട്ടുണ്ട്1 "നീലമഹാകേശിയമ്മേ ശരണം "എന്നിങ്ങനെയാണ് അതിലെ ഓരോ കവിതയും അവസാനിക്കുന്നത്". നീലകേശി എന്ന പേര്കൂടി മാടായിക്കാവിലച്ചിക്ക് ഉണ്ടായിരുന്നു എന്ന് ചുരുക്കം.

"ഈടുറ്റൊരു പാണ്ടിഎനമുടിച്ചാള്‍ ഇടരേറിന ദാരികനെ അറുത്താള്‍"

ചുടലെമക്കീശന ബെന്നതും നീ ചുരുതിക്ക് തരിഎരെനെ അറുത്താള്‍"

മടയിലമര്‍ന്ന മണത്തണെയും മാങ്ങാട്ട് പറമ്പുറയുന്നതും നീ"

എന്ന ഈ അഞ്ചടിത്തോറ്റത്തിലെ പരാമര്‍ശത്തില്‍നിന്ന് പാണ്ടിയനെ മുടിച്ചകണ്ണകിയും ദാരികനെ അറുത്ത കാളിയും തരിയരനെ അറുത്ത നീലകേശിയും എല്ലാം ഈ ഒരു അമ്മതന്നെയെന്ന് വ്യക്തമാകുന്നുണ്ട്. അവളെ 'മങ്ക' എന്നും വിളിക്കുന്നുണ്ട്.പയ്യന്നൂര്‍പാട്ടിലും മങ്ക എന്നപേരുണ്ടല്ലോ താപസിക്ക്. മങ്കയും മടമങ്കയും തോറ്റംപാട്ടില്‍ പലസന്ദര്‍ഭങ്ങളിലും കടന്നുവരുന്നുണ്ട്.അറുവര് മടമങ്കമാരെ തോറ്റിച്ചമയ്ക്കുന്ന തോറ്റം മാടായിക്കാവിലെ കലശത്തിന്‍റെ ഭാഗമായ കളിയാമ്പള്ളിത്തോറ്റത്തിന് പാടിവരാറുണ്ടായിരുന്നു.

അല്‍ബറൂനി

നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം,മതങ്ങളുടെ താരതമ്യപഠനം എന്നിങ്ങനെ വിജ്ഞാനത്തിന്‍റെ നാനാ മണ്ഡലങ്ങളില്‍ മഹത്തായ സംഭവനകള്‍ നല്‍കിയ പ്രതിഭാധനനായ സഞ്ചാരിയത്രേ അല്‍ബറുനി. ആയിരം കൊല്ലം മുമ്പ് അദ്ദേഹം മലബാറിനെക്കുറിച്ച് എഴുതിയ വരികള്‍ നോക്കുക. "മലിബാര്‍,ഗോവമുതല്‍ കൊല്ലംവരെയാണ്. അതിന്‍റെ
നീളം 300 ഫര്‍സഖാണ്. ഒരു ഫര്‍സഖ്= 31/3 നാഴിക.) മലബാറിലെ പ്രധാന നഗരങ്ങളായ ഗോവ, ഫാക്കനൂര്‍, മംഗലാപുരം, ഏഴിമല, പന്തലായിനി, കൊടുങ്ങല്ലൂര്‍, കൊല്ലം, എന്നി
വിടങ്ങളിലെ ജനങ്ങളെല്ലാം ബുദ്ധമതക്കാരാണ്"2ആയിരംകൊല്ലം മുമ്പ് മലബാറിലെ ജനങ്ങളെല്ലാം ബുദ്ധമത വിശ്വാസികളായിരുന്നു എന്ന് സാരം. ബുദ്ധ- ജൈന സങ്കല്‍പ്പങ്ങള്‍ പലപ്പോഴും കൂടിക്കുഴഞ്ഞ് കാണാറുണ്ട് എന്നകാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്.
കൊച്ചിയിലെ രാജാവ് ബുദ്ധമതവിശ്വാസിയാണെന്നും ദിവസവും പ്രഭാതത്തില്‍ ബുദ്ധവിഗ്രഹത്തിനുമുന്നില്‍ ദണ്ഡനമസ്ക്കാരം ചെയ്തതിനുശേഷമേ രാജാവ് ജോലികളില്‍ പ്രവേശിക്കാറുള്ളൂ എന്നും 15-ാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവിടം സന്ദര്‍ശിച്ച ചീന സഞ്ചാരിയായ മാഹ്വാന്‍ 3 പറയുന്നു. "നായര്‍ സമുദായാംഗമാണ് രാജാവ്. കൊച്ചിരാജാവിനെപ്പോലെ ഇദ്ദേഹവും ബുദ്ധമതാനുയായിയാണ" എന്നാണ് കോഴിക്കോട് രാജാവിനെക്കുറിച്ച് പറയുന്നത്. സാമൂതിരി രാജവംശം ബൗദ്ധശാസ്ത്രം അനുസരിച്ചിരുന്നവരായിരുന്നു എന്ന് കൊച്ചിക്കോവിലകത്തെ
ഒരു ഗ്രന്ഥവരിയില്‍ കണ്ടതായി ശ്രീ. കെ. പി.പദ്മനാഭമേനോനും ശ്രീ . കെ. വി. കൃഷ്ണയ്യരും രേഖപ്പെടിത്തിയിട്ടുണ്ടെന്ന് വേലായുധന്‍ പണിക്കശ്ശേരി തന്‍റെ സഞ്ചാരികളും ചരിത്ര കാരന്മാരും എന്നഗ്രന്ഥത്തില്‍നിരീക്ഷിക്കുന്നു.ജൈനക്ഷേത്രമായിരുന്ന തൃക്കണാമതിലകം ക്ഷേത്രത്തിന്‍റെ രക്ഷാകര്‍ത്താവായി 14-ാം നൂറ്റാണ്ടിലും സാമൂതിരിപ്പാട് വര്‍ത്തിച്ചിരുന്നു.
സാമൂതിരികുടുംബത്തിലെ രണ്ടാംകൂറ്റുകാരനായ ഏറാള്‍പ്പാട് ഇവിടെ സ്ഥിരം താവളമടിച്ചിരിക്കുന്നതായി കോകസന്ദേശത്തില്‍വിവരിച്ചിട്ടുണ്ട്.
തളിപ്പറമ്പ് രാജരജേശ്വരക്ഷേത്രം പണികഴിപ്പിച്ച ശതസോമന്‍, വളഭപട്ടണം സ്ഥാപിച്ചവളഭന്‍ , എന്നീ മൂഷികവംശരാജാക്കന്മാര്‍ ബുദ്ധമതവിശ്വാസികളായിരുന്നു എന്നും ഐതിഹ്യമുണ്ട്. "എന്‍റെ ശ്രീമൂലസ്ഥാനം.."എന്നൊരുപരാമര്‍ശം തായിപ്പരദേവതയുടെ വാചാലുകളില്‍ മുമ്പ് കേട്ടിട്ടുണ്ട്. ശ്രീമൂലവാസത്തെയായിരിക്കാം അത് സൂചിപ്പിക്കുന്നത്."വിക്രമരാമന്‍റെകാലത്ത് മൂലവാസം എന്ന ജി
നക്ഷേത്രം സമുദ്രക്ഷോഭത്താല്‍ നശിക്കാന്‍തുടങ്ങിയപ്പോള്‍ വലിയ പാറക്കല്ലുകള്‍ കൊണ്ട് ഉറപ്പില്‍ചിറകെട്ടി ക്ഷേത്രത്തെ കടലേറ്റത്തില്‍ നിന്ന് രക്ഷിക്കുകയുണ്ടായി. ആ മൂലവാസം "ജിനസ്യ ശ്രീനികേതനം" എന്ന് മൂഷികവംശം കാവ്യത്തില്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.ഉത്തരകേരളത്തില്‍വടക്ക് രാമന്തളിക്കും തെക്ക് അഴീക്കലിനുമിടയില്‍ ഏറെക്കാലം മുമ്പ് ഒരു ജൈനക്ഷേത്രം ഉണ്ടായതായി ഐതിഹ്യമുള്ളതായി ചിറയ്ക്കല്‍ ടി. ബാലകൃണന്‍ നായര്‍ ഓര്‍ക്കുന്നു. ഇത്രയും പറഞ്ഞത് കേരളത്തിലെ പഴയ രാജവംശങ്ങളില്‍ പലതും ബുദ്ധ -ജൈനമതവിശ്വാസികളായിരുന്നു എന്നും അവര്‍ ആരാധിച്ച അമ്മദൈവങ്ങളെയാണ് പില്‍ക്കാലത്ത് പലപല പരുകളും ഭാവങ്ങളും അനുഷ്ഠാനങ്ങളും നല്‍കി ആരാധിച്ചുവരുന്നത് എന്ന് വ്യക്തമാക്കാനാണ്.

കേരളവീരന്‍ രാജന്‍

"എറിഞ്ഞുകൊണ്ട് എറുകാട്"എന്ന വാചാലില്‍ ദാരികാസുരനെ കൊന്ന് വലിച്ചെറിഞ്ഞ് കാട് എന്നാണത്രേ സൂചിപ്പിക്കുന്നത്.മാടായിപ്പാറയും കാവും മുമ്പ് കടലായിരുന്നുവെന്നും അച്ഛി അത് മാടാക്കിച്ചമച്ചതാണെന്നും ഐതിഹ്യമുണ്ട്. തളിപ്പറമ്പ് ശിവക്ഷേത്രത്തില്‍നിന്ന് ദേവിയെ തന്ത്രി ശംഖില്‍ ആവാഹിച്ച് പടിഞ്ഞാറ് കടല്‍ നോക്കി വലിച്ചെറിഞ്ഞതാണെന്നും കഥയും തോറ്റവുമുണ്ട്.
"ശംഖില്‍പിറന്ന് പൈദാഹക്കരമ്മലല്ലോ ഒളിവളര്‍ന്നാരേ ..എന്ന പൊലിച്ചുപാട്ടിലെ വരികള്‍ ഈ കഥാസൂചനയാണ് നല്‍കുന്നത്.എ.ഡി. 344-ല്‍ കേരളന്‍ എന്ന കോലത്തിരിതളിപ്പറമ്പില്‍നിന്നും ഭദ്രകാളിയെ എഴുന്നള്ളിച്ച് മാടായിയില്‍ കുടിയിരുത്തുകയായിരുന്നുവത്രേ. തായിപ്പരദേവതയുടെ 'തിരുവര്‍കാട്ട്അഞ്ചടി 'എന്നുകൂടി അറിയപ്പെടുന്ന വലിയഅഞ്ചടിത്തോറ്റത്തില്‍ ഓരോ'കവി'
യും അവസാനിക്കുന്നത്
 

"മാറുകയില്ല കേരളവീരന്‍ രാജനൊടന്‍പ് മേന്മേല്‍"
"മറുകടല്‍കണ്ട് തിരുവറ് കാട് വാണരുള്‍ മൂലതായേ"

എന്നിങ്ങനെയാണ്.ഭദ്രകാളിയെ തളിപ്പറമ്പില്‍നിന്നും എഴുന്നള്ളിച്ച് മാടായില്‍ കുടിയിരുത്തിയ കേരളവര്‍മ്മരാജ തന്നെയായിരിക്കാം ഇവിടെ സ്മരിക്കപ്പെടുന്നത്. കൊല്ലം 598 മുതല്‍ 621 വരെ നാട് വാണ കേരളവര്‍മ്മതന്നെയാണോ ഈ കോലത്തിരി. അതോ എ.ഡി 344-ല്‍ നാടുവാണു എന്ന് പറയപ്പെടുന്ന മറ്റൊരു കേരളവര്‍മ്മയോ? കൃത്യമായ തെളിവുകള്‍ നമ്മുടെ മുന്നിലില്ല."വന്ന മരക്കലത്തില്‍"എന്നപരാമര്‍ശത്തില്‍നിന്നും മരക്കലത്തില്‍വന്ന ദേവതയാണെന്ന് അതേ അഞ്ചടിയില്‍ത്തന്നെ സൂചനയുണ്ട്. മരക്കലം കപ്പല്‍ ആണ്. മരക്കലത്തില്‍ എത്രയോ അമ്മമാര്‍ മലബാര്‍തീരത്ത് എത്തിയിട്ടുണ്ട്. മൂഷികവംശത്തിന്‍റെ
കുലകൂടസ്ഥയായ അമ്മതന്നെ മരക്കലത്തില്‍ വന്നവരാണ്. യമുനാ നദീതീരത്തെ കോലാര്യവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു രാജാവ് യുദ്ധത്തില്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റ ഗര്‍ഭിണിയായ ഭാര്യ പ്രാണരക്ഷാര്‍ത്ഥം കടല്‍മാര്‍ഗ്ഗം ഏഴിമുനമ്പിലെത്തിച്ചേരുകയും അവിടെവെച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു.ആ കുട്ടിയാണ് മൂഷികവംശസ്ഥാപകനായഇരാമകുടമൂവര്‍ എന്നാണ് മൂഷികവംശം കാവ്യത്തില്‍പറയുന്നത്. കുലകൂടസ്ഥയായ ഈ അമ്മയേയും മാടായിക്കാവിലച്ചിയില്‍ സങ്കല്‍പ്പിച്ചു എന്നുവരാം. അവിടെനിന്നുമാത്രമല്ല.മദ്ധ്യപൂര്‍വ്വേഷ്യയില്‍നിന്നും മരക്കലം വന്നി
ട്ടുണ്ട്. തെക്കന്‍കൊല്ലത്തുനിന്നും കൊടുങ്ങല്ലൂരില്‍നിന്നും വടക്കോട്ട് ജനങ്ങള്‍ അക്കാലത്ത് സഞ്ചരിച്ചതും മരക്കലം വഴിയാണ്.ചീറുംബ തളങ്കരയിലെത്തുന്നതും മരക്കലം വഴിയാണ്. മാടായിക്കാവിലച്ചിയുടെതിരുമുടിക്കുതന്നെ പായയുംകെട്ടി കടലോടിവരുന്ന ഒരു മരക്കലത്തിന്‍റെ പ്രതീതി ഉണ്ട്. അപ്പോള്‍ ആരെല്ലാമാണ് ഈ ഒരമ്മ.
ബുദ്ധജൈനമതവിശ്വാസികളുടെ അമ്മ ദൈവമാണ്. നീലകേശിയാണ്. യുദ്ധദേവതയായ കൊറ്റവെയാണ്, കണ്ണകിയാണ് . കാളിയാണ്, ഭദ്രകാളിയാണ്. തെക്കുനിന്നോ,വടക്ക് നിന്നോ ഇനി മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നോ മരക്കലമേറിവന്ന അമ്മയുമാണ്.തായിപ്പരദേവത, തിരുവര്‍കാട്ട് ഭഗവതി,വല്ലാകുളങ്ങരഭഗവതി, കൂളന്താറ്റ് ഭഗവതി,വീരഞ്ചിറഭഗവതി, അങ്ങിനെ എത്രയെത്ര പേരുകളാണവള്‍ക്ക്..
കുറ്റാരോപിതയായ ഉറുവാടി എന്നൊരു പെണ്ണ് കോലത്തിരിയോട് പകരം ചോദിക്കാനായി മാടായിയിലെ വള്ളിക്കെട്ടില്‍ ചിലപോരാളികളുമായി തമ്പടിച്ചു. ഒടുവില്‍ രാജസൈന്യത്താല്‍ കൊല്ലപ്പെട്ടു. വീരമൃത്യവരിച്ച കാട്ടിലെ ഉറുവാടിയത്രേ മാടയിക്കാവലച്ചി എന്നും കഥയുണ്ട് കഥകള്‍ക്കറുതിയില്ല.ഇതില്‍ ഏതാണ് അച്ചി എന്നുചോദിച്ചാല്‍ ഇതെല്ലാമാണ് അച്ചി എന്നാണ് ഉത്തരം.മാഹാമാതാവാണ് അച്ചി. സത്യസ്വരുപിണിയായ അമ്മ. പരാശക്തി. മരിച്ചുപോയ എല്ലാ മാതാക്കളും ഈ അമ്മയില്‍ ലയിക്കുന്നു.ചിലര്‍ദൈവക്കരുവായിത്തീരുന്നു. അങ്ങിനെ
മഹാമാതാവില്‍ ലയിച്ച എത്രയോ അമ്മമാരുടെ കഥ കള്‍ അച്ചിയുടെ പുരാവൃത്തവുമായിചേര്‍ത്ത് പറയുന്നു എന്നുമാത്രം.
പേരില്‍മാത്രമല്ല ധര്‍മ്മത്തിലും വ്യത്യാസമുണ്ട്. പെണ്‍മക്കള്‍ പ്രസവിക്കാറായാല്‍ അവരുടെ അമ്മമാര്‍ക്ക് ആധിയാണ്.ഇന്നത്തേതുപോലെ ആശുപത്രി സൗകര്യമില്ലാതിരുന്ന പഴയകാലത്ത് "രണ്ടും രണ്ട് പാത്രത്തിലായിക്കിട്ടാന്‍ " അമ്മതന്നെ ശരണം. അതിനൊരു ദേവതയുണ്ട് എടലാപുരത്ത് ചാമുണ്ടി. എള്ളെടത്ത് പോതി, എളയെടത്ത് പോതി എന്നിങ്ങനെയും പറയും."പൊട്ടക്കണ്ണി പൊയ്കുരുടി എടലാപുരത്ത് ചാമുണ്ടി". ആര്യച്ചാമുണ്ടി, വീര്യച്ചാമുണ്ടി,കൊല്ലുംചാമുണ്ടി, കൊല്ലാച്ചാമുണ്ടി, അര്‍ദ്ധചാമുണ്ടി( അറത്ത ചാമുണ്ടി),രക്തചാമുണ്ടി,എല്ലായിലും ബലവീര്യമായി തോറ്റിച്ചമച്ചു എടലാപുരത്ത് ചാമുണ്ടിയെന്നെനിക്ക് പേര്‍നാമം കൊണ്ടു. എന്നിങ്ങനെയാണ് മുമ്പസ്ഥാനം. ഈ എടലാപുരത്ത് ചാമുണ്ടിയും ശക്തിപരമേശ്വരിയായ സാക്ഷാല്‍ അച്ചിതന്നെയാണെന്നാണ് വിശ്വാസം.
ശ്രീകൈലാസം പൊലിച്ചുപാട്ടില്‍ മനോഹരമായ ഒരു സങ്കല്‍പ്പമുണ്ട്. ശ്രീമഹാദേവന്‍ കൈലാസത്തില്‍ നൃത്തംചെയ്ത് ശരീരം വിയര്‍ത്തു. വെള്ളിവട്ട പാത്തിരത്തില്‍ വിയര്‍പ്പ് തടവിയെടുത്തു. തെക്ക് കനലെരിയുന്ന ഹോമകുണ്ഡം നോക്കി എറിഞ്ഞു."കനലെരിയ പൊടികിളര തോന്നിയല്ലവിട.അവിട ത്തോന്നി അറുവരെല്ലം അമ്മമാര".അറുവരിലും ബലവീര്യമായി ശ്രീമഹാദേവന്‍
തോറ്റച്ചമച്ചവളത്രേ സര്‍വ്വേശ്വരിയമ്മ. ഈമിത്തിലും എഴുവര് അമ്മമാര് വരുന്നുണ്ട്.അറുവര് അമ്മമാരും സര്‍വ്വേശ്വരിയമ്മയും.ഈ എഴുവര് അമ്മാരെ പിന്നീട് നമ്മള്‍"സപ്തമാതാക്ക"ളായി സമീകരിച്ചു.


ദാരികവധം
 "വിലക്ഷണനസുരനാകും ദാരികന്‍ തന്നെക്കൊല്‍വാന്‍
  അറുവര്‍ക്കുമിളയോള്‍ദേവി ദുര്‍ഗ്ഗേ! നീ തമ്പുരാട്ടി
  തന്നിലേ തകര്‍ത്തോരെട്ടും..
  കൂളിയും പടയും ഭൂതപേതാളമേറിച്ചെ
  ന്നു ആനകള്‍കാതിലിട്ടു.
  മദത്തിനെ അടക്കിവന്ന ശരീരത്തെ രക്ഷിക്കാ ഓം
  നമുക്ക് നാരായണി നമുക്ക് ചരംചരം മൂലതായേ ഹരാ.."


തായിപ്പരദേവതയുടെ തോറ്റംപാട്ടിന്‍റെ ഒരു ഭാഗമാണിത്. നമ്മുടതന്നെ ഉള്ളിലെ വിലക്ഷണതയത്രേ ദാരികന്‍, നമ്മുടെ ഉള്ളില്‍ ത്തന്നെയുള്ള "ഞാന്‍"എന്ന ഭാവത്തിന്‍റെ-അഹങ്കാരത്തിന്‍റെ പ്രതിനിധിയാണ് ദാരികന്‍. അവന്‍ നിസ്സാരനല്ല. കോട്ടമതിലും കിടങ്ങും കെട്ടിയാണ് അവന്‍ വാഴുന്നത്. അവനെ വധിക്കമണമെങ്കില്‍ ആനകള്‍ കാതിലിട്ട് പേതാളത്തിന്‍റെ പുറത്തേറിപ്പോകാന്‍ കെല്‍പ്പുള്ള മഹാശക്തിക്കേ കഴിയൂ. ആ ശക്തി എവിടെയാണ് ഉള്ളത്. അത് മറ്റെവിടെയുമല്ല.അവനവനില്‍ത്തന്നെ.
യമനിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണ ധ്യാന സമാധയോ/ഷ്ഠാവംഗാനി എന്ന് പതഞ്ജലി മഹര്‍ഷി.

ശാക്തേയം...കൗളം

മാടായിക്കാവ്, പിഷാരിക്കാവ്, മാമാനിക്കുന്ന്, ..എന്നിവ ശാക്തേയക്കാവുകളായിട്ടാണ് അറിയപ്പെടുന്നത്. ശിവന്‍റെ ആരാധനയില്‍നിന്നു വികസിച്ചുവന്ന അനേകം പ്രസ്ഥാനങ്ങളില്‍ സവിശേഷമായ ഒന്നാണ് അഘോരസമ്പ്രദായം. യജ്ജുര്‍വേദത്തിലെ 'രുദ്രാദ്ധ്യായ' ത്തിലാണത്രേ ഇതിന്‍റെ ഉറവിടം. രുദ്രന് രണ്ട് ഭാവമുണ്ട്. ഘോരനും അഘോരനും. ഘോരന്‍ നമ്മുടെ'കോരന്‍'
തന്നെ . രുദ്രന്‍റെ മംഗളകാരിയായ മൂര്‍ത്തിയെ 'ശിവ' എന്നും 'അഘോര' എന്നും വിശേഷിപ്പിച്ചുവന്നു. അഘോരശക്തിയാല്‍ നിത്യസംയുക്തനായതുകൊണ്ടാണ് രുദ്രന്‍ ശിവനായിത്തീരുന്നത്. ശിവനും ശക്തിയും അഭിന്നതത്വങ്ങളാണ്. ("വാഗര്‍ത്ഥാവിവ സംപൃക്തേൗ" എന്ന് കാളിദാസന്‍). ശക്തിസിദ്ധനും ശിവശക്തി സാമരസ്യം ദര്‍ശിച്ചവനുമായിരിക്കും അഘോരസാധകന്‍. ശക്തിയില്ലാത്ത ശിവന്‍ ശവം മാത്രമായിരിക്കും. ശക്തിയെ മാഹാശക്തിയെന്നോ, സര്‍വ്വേശ്വരിയെന്നോ വിളിക്കുന്നു. ശക്തിയുടെ വിവിധരൂപങ്ങളില്‍ ബ്രഹ്മശക്തിയാണ് പ്രധാനം. ഇതിനെ 'ഖേചരിശക്തി' എന്നും പറയും. പ്രപഞ്ചത്തിന്‍റെ സൃഷ്ടി,സ്ഥിതി, ലയങ്ങളുടെ പരമകാരണമായ ഖേചരീശക്തി ബ്രഹ്മത്തിന്‍റെ കൂടിശക്തികൂടിയാണ്. അത്കൊണ്ടാണ് സര്‍വ്വേശ്വരിയാകുന്നത്. കാവിലെ പെരുങ്കലശത്തിന് അച്ഛിയെ മാടായിപ്പെരുവണ്ണാന്‍വരവിളിക്കുന്നത് "സര്‍വ്വേശ്വരിയമ്മ" എന്നാണ്.
ശൈവാഗമങ്ങളും തന്ത്രങ്ങളും എന്നത്പോലെ ശിവനും ശക്തിയും അഭിന്നതത്ത്വങ്ങളാണെന്നാണ് തെയ്യം സാഹിത്യവും ഉദ്ഘോഷിക്കുന്നത്. "ശിവശക്തിസ്വരുപനമാന സ്ത്രീപുരുഷൈക്യത്താല്‍ ബീജസങ്കലനം വരുകിറപ്പോത്" ആണ് മനുഷ്യന്‍ "ഇഹത്തിലെ പിറക്കപ്പെടു" ന്നതെന്നും ആണായും പെണ്ണായും ജനിക്കുന്ന മനുഷ്യര്‍ ജന്മം കൊണ്ട് സാധിക്കേണ്ടത് ശിവനും ശക്തിയം ആയി
ത്തീരലാണ് എന്നാണ് കളിയാട്ടത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന "വണ്ണാന്‍കൂത്തിലെ" പ്രധാനപ്രതിപാദ്യം. "ശിവോഹം" എന്നതിരിച്ചറിയലിലൂടെയാണ് മോക്ഷം സിദ്ധിക്കുന്നത്.
സാക്ഷല്‍ ശ്രീ പരമേശ്വരന്‍ ആവിഷ്ക്കരിച്ചതത്രേ വാമകേശ്വരതന്ത്രം. ഇത് അഖില പുരുഷാര്‍ത്ഥ സിദ്ധി ലക്ഷ്യമാക്കുന്നു. വാമകേശ്വരതന്ത്രത്തിന്‍റെ ആദ്യപകുതി പൂര്‍വ്വ കൗളമെന്നും രണ്ടാംപകു
തി ഉത്തരകൗളമെന്നും അറിയപ്പെടുന്ന ആചാര പദ്ധതികളായി മാറി. മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന കുണ്ഡലിനി ശക്തിയെ സാധനകളിലൂടെ ഉണര്‍ത്തി സഹസ്രാരപദ്മത്തിലെത്തിക്കുന്നതോടെ
മോക്ഷം ലഭിക്കുമെന്ന വിശ്വസിക്കപ്പെടുന്നു. ഉത്തരകൗളമാര്‍ഗ്ഗം പിന്തുടര്‍ന്നവര്‍ പഞ്ചമകാരത്തിന് ( മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം,) തന്ത്രപദ്ധതിയില്‍ സ്ഥാനം കൊടുത്തു. ശ്രീചക്രോപാസനപോലും ഈ മാര്‍ഗ്ഗത്തില്‍ വഴിമാറിപ്പോയി എന്ന വിമര്‍ശനമുണ്ട്. എ.,ഡി.മൂന്നാം നൂറ്റാണ്ടിനടുത്ത് മാത്സേന്ദ്രനാഥന്‍ ആണ് ഉത്തരഭാരതത്തില്‍ കൗളമതം പ്രചരിപ്പി
ച്ചത്. "പഞ്ചമകാരത്തിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം മനസ്സിലാക്കാതെയാണ് പലരും കൗളാചാരങ്ങളെ വിമര്‍ശിച്ചിട്ടുള്ളത്.രാജയോഗസിദ്ധിയുള്ള നിര്‍വ്വകല്‍പ്പ സ്ഥിതിയിലെത്തിയ യോഗികളല്ലാതെ
മറ്റുള്ളവര്‍ ഇതിന് അധികാരികളല്ല. കാമക്രോധലോഭമോഹാദികള്‍ ജയിച്ച പരതത്വജ്ഞാതാവാണ് ഇതിന്‍റെ അധികാരി.കുലാര്‍ണ്ണവതന്ത്രമനുസരിച്ച് ധാര്‍മ്മികകൃത്യത്തിനുവേണ്ടിയല്ലാതെ മദ്യം സേവിക്കുക മാത്രമല്ല; അതിന്‍റെ ദര്‍ശനം പോലും നിഷിദ്ധമാണ്"

ഭാവചൂഡാമണിതന്ത്രത്തില്‍ കൗളന്മാരുടെ അദ്വൈതദര്‍ശനത്തെപ്പറ്റി പറയുന്നത് നോക്കുക.

കര്‍ദമേചന്ദനേ/ഭിന്നം പുത്രേ ശത്രൗ തഥാ പ്രിയേ

"ശ്മശാനേ ഭവനേ ദേവീ!സകൗല: പരികീര്‍ത്തിത:"

"ചന്ദനവും ചെളിയും ശത്രുവും മിത്രവും, ശ്മശാനവും ഭവനവും, സ്വര്‍ണ്ണവും പുല്ലും ,ഇവയില്‍ ആര്‍ക്കാണോ ഭേദഭാവനയില്ലാത്തത് അല്ലയോ ദേവീ അവരാണ് കൗളര്‍"കണ്ണങ്ങാട്ട്കാവുകളില്‍ ആരാധിക്കപ്പെടുന്ന കൂളന്താട്ട് ഭഗവതികൗളാചാരവിധിയനുസരിച്ച് ആരാധിക്കപ്പെടുന്ന കാളിയാണ് എന്നൊരു ഐതിഹ്യമുണ്ട്.മാടായിക്കടുത്ത ചെറുതാഴത്തിലെ കുളപ്പുറംഗ്രാമത്തില്‍ ശാസ്താവിന്‍റെ ആരാധനക്കപുറമെ കൗളാചാരവിധിയനുസരിച്ച് പൂജിക്കപ്പെടുന്ന അമ്മദൈവമുണ്ടായിരുന്നു വത്രേ.
മണിയാണിമാരില്‍ വലിയൊരുവിഭാഗത്തിന്‍റെ ആരാധനാമൂര്‍ത്തിയായ ഈ അമ്മയാണ് പില്‍ക്കാലത്ത് കൂളന്താറ്റില്‍ഭഗവതിയായതെന്ന്കരുതാന്‍ ന്യായമുണ്ട്.

കളരിപരദേവത

നമ്മുടെ അമ്മദൈവങ്ങളില്‍ പലരും കളരി പരദേവതകൂടിയാണ്. കളരിയാചാരം ലഭിച്ചവരായിരക്കണം അന്തിത്തിരിയനും വെളിച്ചപ്പാടനും. കളരിയാചാരം ലഭിച്ച കനലാടിക്ക് മാത്രമേ തായി
പ്പരദേവതയുടെ തിരുമുടിവെക്കാന്‍ അവകാശമുള്ളൂ. കളരിയില്‍കാണുന്ന ആയുധങ്ങളെല്ലാം നമ്മുടെ അമ്മദൈവങ്ങളുടെയും വീരന്മാരുടെയും പള്ളിയറകളില്‍ കാണാം. തെയ്യാരാധനയ്ക്ക്
കളരിയുമായി അഭേദ്യമായി ബന്ധമുണ്ട്. ഉത്തരകേരളത്തിലെ എണ്ണമറ്റ കളരികളിലെല്ലാം കൊല്ലത്തോടുകൊല്ലം തെയ്യാട്ടുകൂടി ഉണ്ടായരുന്നു. കളരിയിലെ പ്രധാന ആരാദ്ധ്യദേവത ഭദ്രകാളിയാണ്. വാഴോര്‍പരും കളരി എന്ന് പേര്‍കൊണ്ട വളപട്ടണത്തെ കളരിവാതുക്കലില്‍ കളരിയാല്‍ ഭഗവതി കുടികൊള്ളുന്നു. "എല്ലാ പോതിക്കും കളിയുംചിരിയും ഉണ്ട് കളരിയാ
പ്പോതിക്ക് കളിയും ചിരിയുമില്ല".
കളരിയുടെ കന്നിമൂലയില്‍ ആണ് പൂത്തറ. ഏഴ് തട്ടുകളാണ് പൂത്തറക്കുള്ളത്.ഏഴാമത്തെ തട്ടിന്‍മേല്‍ ഒരു കൂമ്പ് കാണാം.അവിടെ കാലഭൈരവനും ഭൈരവിയും കുടികൊള്ളുന്നു."ദത്തതൊന്ന്പെ
റ്റതൊന്ന് ഒക്കത്തെടുത്തതൊന്ന് മുന്‍കയ്യേ പിടച്ചതൊന്ന് എന്ന വകഭേദം എനിക്കില്ല" എന്ന് ചീറുംബയുടെ മൊഴിയായി കോമരം -ആയത്താന്‍-പറയാറുണ്ട്. അതുപോലെ ജാതിരഹിത
സംസ്ക്കാരം കളരിക്കുമുണ്ട്. എഴുത്ത് കളരിയും പൊയ്ത്തുകളരിയുമായിരുന്നു പണ്ട്.കുടിപ്പള്ളിക്കൂടങ്ങള്‍ കളരിയുടെ ഭാഗമായിരുന്നു. പള്ളിക്കൂടത്തിലെ പള്ളി നമ്മുടെ ജൈനബൗദ്ധപാര
മ്പര്യവിളിച്ചോതുന്നുണ്ട്."നാനം മോനം"എന്നറിയപ്പെട്ടിരുന്ന വട്ടെഴുത്തും കോലെഴുത്തും പഴയകളരികളില്‍നിന്ന് പഠിപ്പിച്ചിരിക്കണം.
"കുഞ്ഞിമംഗലത്തിനും മാടായിക്കുമിടയില്‍പഴയ ഒരു തുറമുഖം ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍ അഞ്ചില്ലത്ത് അബ്ദുള്ളചൂണ്ടിക്കാട്ടുന്നു. വടക്കന്‍കുറ്റി സൊരുപത്തിലെ അനേകം തറകളില്‍ ഒന്നായിരുന്നു അടുത്തിലത്തറ. "എന്‍റെ തായിത്തറ അടുത്തിലത്തറയാധാരമായിറ്റ" എന്നാണ് തെയ്യം വാചാല്. തായിപ്പരദേവതയുടെ സാന്നിദ്ധ്യമാണ് അടുത്തില തായിത്തറയാകാന്‍ കരണം.
തായിത്തറയുടെ മേത്തല മാടായി; അടിത്തലഅടുത്തിലയുമായി. അടുത്തില നായന്മാര്‍ മാത്രമല്ല വടക്കന്‍കേരളത്തിലെ നായന്മാരെല്ലാം ശക്തിയാരാധകരാണ്. കപ്പല്‍ചുവരുകളില്‍ ഭദ്രകാളിയുടെ ചിത്രം വരച്ചുവെച്ചിരുന്നുവെന്ന് മരക്കലപ്പാട്ട് സാക്ഷ്യം വഹിക്കുന്നു. "മാടായിക്കാവില്‍ മുമ്പ് ഒരുപാട് വീരാളിപ്പട്ടുകള്‍ ഉണ്ടായിരുന്നു. ചൈനയില്‍നിന്നാണ് അത് വന്നുകൊണ്ടിരുന്നത" വീരാളിപ്പട്ടിനെക്കുറിച്ച് ഗവേഷണം നടത്തിയ പ്രശസ്ത ശില്‍പ്പിയും ചിത്രകാരനുമായി ബാലന്‍നമ്പ്യാരുടെ വാക്കുകളാണിവ. കാളി എന്ന ഉഗ്രമൂര്‍ത്തിയുടെ ക്ഷേത്രങ്ങളിലാണ് ഈ പട്ട് ഏറെയും ഉപയോഗിക്കുന്നത് എന്നതുകൊണ്ടാവാം വീരകാളിപ്പട്ട് എന്ന പേരുണ്ടായതെന്നും അങ്ങിനെ പ്രാദേശികസമൂഹം കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വലിയ ചീനക്കപ്പലാണ്
ചൊങ്ക്. ചൊങ്കൂരുച്ചാല്‍ പോലുള്ള നമ്മുടെ സ്വാഭാവിക തുറമുഖങ്ങളില്‍ നടന്ന വാണിജ്യത്തിന്‍റെ ശേഷിപ്പുകളായിരിക്കാം ആ വീരാളിപ്പട്ടുകള്‍.
നമ്മുടെ തെയ്യക്കാവുകളില്‍ കൂടുതലും അമ്മദൈവങ്ങളാണ്. പള്ള്യറയുടെ നാസികയില്‍ ആശാരിമാര്‍ ദാരുശില്‍പ്പങ്ങള്‍ കൊത്തിവെക്കുന്നു. ക്ടാരന്മാര്‍ ചായംവെക്കുന്നു.പള്ള്യറയുടെ പീഠത്തിന് പുറകിലായി ചുവരില്‍വീരാളിപ്പട്ടിന്‍റെ ചിത്രം വരച്ച് വെക്കുന്നു.എല്ലാ കലകളും തെയ്യത്തില്‍ സമന്വയിക്കുന്നു.
ആറ് നാഴികക്ക് നൂറ് വേഷം നൂറ്റെട്ടവതാരം ആയിരത്തൊന്ന് കളിയാംമ്പള്ളി, നൂറ്റെട്ടേഴെല്ലം യോഗമസ്ഥാനം. ഇത് അച്ചിക്ക്മാത്രമല്ല മാടായിപ്പാറക്കുംചേരും.ജൈവവൈവിദ്ധ്യത്തിന്‍റെ കലവറയാണ് പാറ. "ഉച്ചൂളിക്കുന്ന് കുത്തകുത്ത കേറി നീരുമ്പം കാണാ...മട, ശൂലം പൊടിക്കളം.." തന്‍റെ അമ്മയുടെ സവിധത്തിലേക്ക് പോകുന്ന രസികനായ അണങ്ങും ഭൂതം ഉച്ചൂളിക്കുന്നിന്‍റെ
നെറുകയില്‍നിന്ന് മാടായിക്കാവ് കാണുന്ന ചിത്രമാണിത്. മട ഇപ്പോഴുമുണ്ട്. ദാരികന്‍ വീണചാല്.. പാറക്കുളത്തിലെ തെളിവെള്ളം,ദേവതമാര്‍ നീരാടിയ വടവന്യതീര്‍ത്ഥം, സവിശേഷമായ വിഗ്രഹം, പൊന്നിന്‍നാന്തകവാളും ചുകപ്പിലിട്ടകൂറയും , ദാരുശില്‍പ്പങ്ങള്‍,ചായപ്പണികള്‍, കളമെഴുത്ത് എന്ന ധൂളീചിത്രം, ഹനുമാന്‍കൂത്ത് എന്നുകൂടിപേരുള്ള അംഗുലീയാങ്കം കൂത്ത്, മറ്റെവിടെയുമില്ലാത്ത മാരിത്തെയ്യങ്ങള്‍, കളംപാട്ട്, തെയ്യമ്പാടിപ്പാട്ട്, നെറ, പുത്തരി പൂരക്കളി, പൂരോത്സവം ,പെരുങ്കളിയാട്ടം എന്നുകൂടി അറിയപ്പെടുന്ന പെരുങ്കലശം, ഇവിടത്തെ ജീവിതത്തിന്‍റെ ,കലാസാഹിത്യങ്ങളുടെ ചരിത്രം നമ്മെ അച്ഛിയില്‍കൊണ്ട് ചെന്നെത്തിക്കുന്നു. പക്ഷേ ചില സത്യങ്ങള്‍ നാം അംഗീകരിച്ചേ മതിയാകൂ.ആര്യമ്പള്ളിച്ചാലിലെ നീരൊഴുക്ക് ഇന്നില്ല.
പാറക്കുളത്തിലെ തെളിവെള്ളം ഇപ്പോള്‍ മീനമാസത്തിലേ വറ്റിത്തുടങ്ങി. ഒരുകാലത്ത് ഇടവമാസത്തിലും മുങ്ങിക്കുളിച്ച കുളമാണിത്.
അച്ചിയില്‍നിന്നും തിരുവറ്കാട്ട് ഭഗവതിയിലേക്ക് വളരെ ദൂരമുണ്ട്. അത് നമ്മുടെ ചരിത്രത്തിന്‍റെ ദൂരമാണ്. പേരെന്ത്തന്നെവിളിച്ചാലും അച്ചിഒരുക്കിയ ആ "കുളുര്‍ത്തപടലി" ന്‍റെ സാന്നിദ്ധ്യം നാം ഇല്ലാതാക്കിക്കൂട.മാതൃദായ സംസ്ക്കാരത്തിന്‍റെ മൂല്യബോധമാണത്. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം,മതനിരപേക്ഷത, എന്നീ പാഠങ്ങള്‍ക്ക് ഇവിടെ വേരോട്ടമുണ്ടായത് ഈ കുളുര്‍മ്മയിലാണ്.തായിപ്പരദേവതയുടെയും പലപല പേരുകളില്‍ അറിയപ്പെടുന്ന ഭഗവതിമാരുടെയും അമ്മമാരുടെയും "കുളുര്‍മ്മക്കലാശ"ത്തിന്‍റെ പൊരുള്‍ അതാണ്.


View English